'അവർ പാവങ്ങൾ, എതിർക്കുന്നതെന്തിന്?'; ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

സംസ്ഥാനത്തെ ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. ജയിലിലുള്ളത് പാവങ്ങളാണെന്നും തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. ഇതിനെ അനുകൂലിച്ചാണ് ഇ പി ജയരാജൻ രംഗത്തെത്തിയത്.

ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നത്. അത് പാവങ്ങളല്ലെ. പല സാഹചര്യങ്ങളാൽ കുറ്റവാളികളായിപ്പോയി. ആ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുകയാണ്. അവർക്ക് വേതനം വർധിപ്പിച്ച് കൊടുത്തതിനെ എന്തിനാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ് ഇ പി ജയരാജൻ പറഞ്ഞു. അതേസമയം ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി അവർക്ക് ഉപകാരപ്പെടുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

വേതന വർധനവ് കാലോചിതമായ പരിഷ്‌കരണമാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കൊലക്കുറ്റം ചെയ്തവരും ക്രിമിനലുകളുമാകാം, എങ്കിലും ജീവപര്യന്തം അവർ ആ ജയിലിൽ അല്ലെ. പണിയെടുത്ത് കിട്ടുന്ന കൂലി കുറച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് ബാക്കി വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കും. ഇങ്ങനെയുള്ള ആനുകൂല്യത്തെ എന്തിനാണ് എതിർക്കുന്നതെന്നായിരുന്നു ഇ പി ജയരാജന്റെ ചോദ്യം.

Read more