സി.പി.എം- ബി.ജെ.പി സഖ്യം ഉണ്ടായിരുന്നു; കെ.ജി മാരാരുടെ ചീഫ് ഏജന്റായിരുന്നു പിണറായി: എം.ടി രമേശ്

പതിനഞ്ച്‌ വര്‍ഷം മുമ്പ് സിപിഎം- ബിജെപി സഖ്യമുണ്ടായിരുന്നുവെന്നും ഉദുമയില്‍ കെ.ജിമാരാരുടെ ചീഫ് ഏജന്റായിരുന്നു പിണറായി വിജയനെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കോ–ലി–ബി സഖ്യം ഉണ്ടായിരുന്നുവെന്നും അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ എന്നും അതിലെന്താണ് രഹസ്യമെന്നും എം.ടി രമേശ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

വടകരയിലും ബേപ്പൂരിലും പരാജയപ്പെട്ട മോഡലാണ് കോ–ലി–ബി. എന്നാല്‍ നിലവില്‍ അതിന് പ്രസക്തിയില്ലെന്നും എം.ടി രമേശ് പറഞ്ഞു

“വടകരയിലും ബേപ്പൂരിലും ഒരു പൊതുസ്ഥാനാർത്ഥിയെ നിർത്തിക്കൊണ്ട് ഞങ്ങൾ മത്സരിച്ചിരുന്നു. അത് രഹസ്യമാണോ? ഒന്നുകിൽ നിങ്ങൾ ആ പഴയ ചരിത്രമൊന്ന് നോക്കിയാൽ മതി. നിങ്ങൾ പുതിയ ആളുകൾ ആയതു കൊണ്ടായിരിക്കാം. അതൊന്നും രഹസ്യമല്ല. രത്നസിംഗ് വടകരയിലും മാധവൻകുട്ടി ബേപ്പൂരും സ്ഥാനാർത്ഥികളായി പരസ്യമായി മത്സരിച്ചതാണ്. ഇപ്പൊ എന്ത് പ്രസക്തിയാണ് അക്കാര്യത്തിൽ ഉള്ളത്,” എം.ടി രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Read more

ബിജെപി മത്സരിക്കുന്നത് കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെയാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ സഖ്യത്തെ വീണ്ടും പറയുന്നത് വിഷയ ദാരിദ്ര്യമുള്ള ആളുകളാണെന്നും എം.ടി രമേശ് പറഞ്ഞു.