ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല; കൃത്യമായ തെളിവ് ഹാജരാക്കണം; വിഡി സതീശനെതിരായ ആരോപണത്തില്‍ വിജിലന്‍സ് കോടതി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയുള്ള അഴിമതി ആരോപണത്തില്‍ കൃത്യമായ തെളിവ് ഹാജരാക്കണമെന്ന് കോടതി. പിവി അന്‍വര്‍ എംഎല്‍എ വിഡി സതീശനെതിരെ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് ബംഗളൂരു ആസ്ഥാനമാക്കിയുള്ള സ്വകാര്യ കമ്പനിയില്‍ നിന്ന് 150 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. സംഭവത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം നേതാവ് എഎച്ച് ഹഫീസ് സതീശനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ആരോപണത്തിന് കൃത്യമായ തെളിവ് വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഹര്‍ജി ഏപ്രില്‍ 1ന് കോടതി വീണ്ടും പരിഗണിക്കും.