മാധ്യമങ്ങളില്‍ വരുന്നത് വ്യാജവാര്‍ത്തകള്‍; സിപിഎം ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിച്ചിട്ടില്ല; എസ്ബിഐയില്‍ അക്കൗണ്ട് പോലും തുറന്നിട്ടില്ല; വിശദീകരിച്ച് പി ബി

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സിപിഎമ്മിന് വിവിധ തുകകള്‍ സംഭാവനയായി ലഭിച്ചതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റന്ന് സിപിഎം പോളിറ്റ് ബ്യുറോ. ഈ റിപ്പോര്‍ട്ടുകള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്. ഇലക്ടറല്‍ ബോണ്ടുകളെ തത്വത്തില്‍ എതിര്‍ത്തുകൊണ്ട് അത് സ്വീകരിക്കാന്‍ സിപിഎം തയ്യാറായില്ല എന്നതാണ് വസ്തുത.

അതുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാന്‍ നിയമപരമായി ആവശ്യമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് പോലും സിപിഎം തുറക്കാതിരുന്നത്. ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിന്റെ അടിസ്ഥാന തത്വത്തെ സിപിഎം തുടക്കം മുതല്‍ എതിര്‍ത്തതുകൊണ്ടാണ് അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതെന്നും സിപിഎം പിബി അറിയിച്ചു.

Read more

അതേസമയം, ഇലക്ടറല്‍ ബോണ്ട് സ്‌കീമില്‍ സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. സുപ്രീംകോടതി ബെഞ്ച് ഏകകണ്ഠമായി പുറപ്പെടുവിച്ച വിധിപ്രസ്താവത്തില്‍ സിപിഐമ്മിന്റെ വാദം ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നും അദേഹം വ്യക്തമാക്കി.