ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയ മൂവര്‍ സംഘത്തിനുണ്ടായിരുന്നത് വ്യത്യസ്ത ലക്ഷ്യങ്ങള്‍, ഗണേശ് കുമാറിന് കടുത്ത പക, ദല്ലാളിന് പിണറായിക്ക് മുന്നില്‍ നല്ലപിള്ളയാകണം, ശരണ്യാ മനോജിന് നേതാക്കളെ ബ്‌ളാക്ക് മെയില്‍ ചെയ്യണം

സോളാര്‍ അതിജീവിത നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ യാതൊരു തെളിവുമില്ലന്നും അദ്ദേഹത്തിനെതിരെ വന്‍ ഗുഡാലോചനയാണ് നടന്നതെന്നുമുള്ള സി ബി ഐ കണ്ടെത്തലോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂവര്‍ സംഘത്തിന്റെ ലക്ഷ്യങ്ങള്‍ മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.

മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കിയതോടെ താന്‍ വീണ്ടും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന് കെ ബി ഗണേഷ് കുമാര്‍ കണക്കു കൂട്ടിയിരുന്നു. അതിന് സാധിക്കാതെ വന്നപ്പോഴാണ് ഉമ്മന്‍ചാണ്ടിയോടുള്ള പക മൂത്തത്. ശരണ്യ മനോജിന്റെ ലക്ഷ്യം അതിജീവിത പേര് പറയുന്ന രാഷ്ട്രീയ നേതാക്കളെ തന്റെ വരുതിയില്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ സാധിക്കുക എന്നതായിരുന്നു, ദല്ലാള്‍ നന്ദകുമാറാണെങ്കില്‍ തന്നെ അടുപ്പിക്കാതിരുന്ന പിണറായിയുമായി എങ്ങിനെയെങ്കിലും എത്തുക എന്നതായിരുന്നു.

ു. 2012 ല്‍ തട്ടിപ്പ് കേസില്‍ സോളാര്‍ കേസിലെ അതിജീവിത അറസ്റ്റിലായപ്പോല്‍ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കെ ബി ഗണേഷ് കുമാര്‍ തന്റെ അടുത്ത ബന്ധവും ശരണ്യ ബസുകളുടെ ഉടമയും ആയ ശരണ്യ മനോജിന്റെ സഹായം തേടുകയായിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു കെ ബി ഗണേശ് കുമാര്‍. പത്തനം തിട്ട ജയില്‍ കിടക്കുന്ന സോളാര്‍ അതിജീവിത തന്നെ വഴിയാധാരമാക്കിയ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ സൂചിപ്പിച്ച കത്തെഴുതുന്നു എന്ന് കേട്ടപ്പോഴാണ് പേടിച്ചുവിറച്ച കെ ബി ഗണേഷ് കുമാര്‍ ബാലകൃഷ്ണപിള്ളയുടെ മരുമകളുടെ മകന്‍ ശരണ്യ മനോജിനെ അഭയം പ്രാപിച്ചത്.

അങ്ങിനെയാണ് ശരണ്യമനോജ് കളത്തിലിറങ്ങുന്നത്. സോളാര്‍ അതിജീവിതയും താനുമായുള്ള അടുപ്പം പുറത്തറിയാതിരിക്കുക എന്നതായിരുന്നു കെ ബി ഗണേശ് കുമാറിന്റെ ലക്ഷ്യമെങ്കില്‍ അതിജീവിത പുറത്ത് വിടുന്ന ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകളിലായിരുന്നു ശരണ്യ മനോജിന്റെ കണ്ണെന്ന് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. പത്തനംതിട്ട ജയിലില്‍ നിന്നും അതിജീവിത ആദ്യം എഴുതിയ കത്ത് തന്നെ കെ ബി ഗണേശ് കുമാറിന്റെ വേണ്ടി ശരണ്യ മനോജ് കൈക്കലാക്കി. ഗണേശിന്റെ പി എ കോട്ടാത്തല പ്രദീപ് വഴിയാണ് കത്ത് കൈക്കലാക്കിയത്. എന്നാല്‍ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പ്രദീപ് ആ കത്ത് ശരണ്യമനോജിനെ ഏല്‍പ്പിക്കുകയും ശരണ്യ അത് ഗണേശിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളക്ക് കൈമാറുകയും ചെയ്തു.

പിന്നീടാണ് യഥാര്‍ത്ഥ ഗൂഡാലോചന അരങ്ങേറുന്നത്. ജയിലില്‍ നിന്നും ഇറങ്ങിയ അതിജീവിത ഏതാണ്ട് പൂര്‍ണ്ണമായും ശരണ്യമനോജിന്റെ കസ്റ്റഡിയിലായതോടെ ഗണേശിന്റെയും ബാലകൃഷ്ണപിള്ളയുടെയും വഴിക്ക് കാര്യങ്ങള്‍ നീങ്ങാന്‍ തുടങ്ങി. ഉമ്മന്‍ചാണ്ടിയടക്കമുള്ള യു ഡി എഫിലെ പ്രമുഖ നേതാക്കളെ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ അതിജീവിതയുടെ കത്ത് അല്ലങ്കില്‍ കത്തുകള്‍ ഉപയോഗിച്ചു തുടങ്ങി. ഏതാണ്ട് പത്തിലധികം തവണ അതിജീവിത കത്തുകള്‍ എഴുതിയെന്നാണ് പറയപ്പെടുന്നത്. ഒരോ കത്തിലും ഏത് രാഷ്ട്രീയ നേതാവിന്റെ പേര് വേണമെന്ന് ശരണ്യമനോജ് തിരുമാനിക്കും. അതിനിടിയിലാണ് അതിജീവിതയുടെ ഭര്‍ത്താവെന്ന് പറയുന്ന സോളാര്‍ തട്ടിപ്പ് കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്‍ ഈ കേസില്‍ കെ ബി ഗണേശ് കുമാറിന്റെ പേര് ആദ്യം പുറത്ത് വിടുന്നത്. തന്റെ ഭാര്യയെ തന്നില്‍ നിന്നും ഗണേഷ് കുമാര്‍ തട്ടിയെടുത്തുവെന്നാണ് അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്.

ഇതോടെ ഗണേശന്റെ ആദ്യഭാര്യ യാമിനി തങ്കച്ചി തന്റെ ഭര്‍ത്താവിനെതിരെ രംഗത്ത് വന്നു. തന്നെ ഭര്‍ത്താവിനെ മന്ത്രി മന്ദിരത്തില്‍ കയറി തിരുവനന്തപുരത്തെ ഒരു ബ്യുട്ടി പാര്‍ലര്‍ ഉടമയുട ഭാര്യ തല്ലിയെന്നും അതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും കെ ബി ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചി വെളിപ്പെടുത്തി. മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കെ ബി ഗണേശ് കുമാര്‍ തന്നെ തല്ലി കയ്യൊടിച്ചെന്നും ഇവര്‍ പറഞ്ഞു. ഇതോടെ ഗാര്‍ഹിക പീഡനക്കേസ് ഉയര്‍ന്നുവരികയും ഗണേശ് കുമാറിന് ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ നിന്നും രാജിവക്കേണ്ടി വരികയും ചെയ്തു. ആ കേസ് പിന്നീട് നഷ്ടപരിഹാരം നല്‍കി ഒത്തു തീര്‍ക്കുകയുംചെയ്തു.

കേസ് ഒത്ത് തീര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു ഗണേഷ് കുമാറിന്റെ കണക്ക് കൂട്ടല്‍. അത് നടക്കാതെ പോയപ്പോഴാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അതിജീവിതയെ പലവിധത്തില്‍ ഉപയോഗിച്ച് തുടങ്ങിയത്.അതിന് ശേഷം ഗണേശന് ഇതുവരെ മന്ത്രിയാകാന്‍ കഴിഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ തിരിച്ചു കയറാന്‍ കഴിയില്ലന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും മന്ത്രി സഭയിലെ മറ്റംഗങ്ങള്‍ക്കും എതിരെ അതിജീവിതയെ ഉപയോഗിക്കുകയായിരുന്നു. ജോസ് കെ മാണി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ അതിജീവിത ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയതും ് ഇതിന്റെ പശ്ചാത്തലത്തിലാണ്. തന്നെ വീണ്ടും മന്ത്രിയാക്കാത്ത ഉമ്മന്‍ചാണ്ടിയെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ഒരാളുടെ ലക്ഷ്യമെങ്കില്‍ മറ്റേയാളുടെ ലക്ഷ്യം അതിജീവിതയിലൂടെ ഉന്നത രാഷ്ട്രീയനേതാക്കളെ ബ്‌ളാക്ക് മെയില്‍ ചെയ്യുകയായിരുന്നു.

ഇനി അടുത്തയാള്‍ ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി ജി നന്ദകുമാറായിരുന്നു. ഇയാളാണ് പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അതീജിവിതയെഅദ്ദേഹത്തിന് മുമ്പില്‍ കൊണ്ടുവന്നത്. സി പി എം ഗ്രൂപ്പുവഴക്കില്‍ എന്നും പിണറായിക്കെതിരെ, വി എസ് അച്യുതാനന്ദനെ സഹായിച്ചുകൊണ്ടിരുന്നയാളായിരുന്നു ദല്ലാള്‍ നന്ദകുമാര്‍. അതുവഴി പിണറായിയുടെ ഒന്നാം നമ്പര്‍ ശത്രുവായി മാറി. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ നന്ദകുമാര്‍ കളം മാറ്റി ചവിട്ടി. എങ്ങിനെയെങ്കിലും പിണറായിയുടെഅടുത്തായാളായി മാറാനുള്ള ശ്രമമായി. അന്നത്തെ ഒരു പ്രമുഖ മന്ത്രിയുടെ സഹായത്തോടെ ഇയാള്‍ എങ്ങിനെയൊക്കെയോ പിണറായിയുടെഅടുത്ത് ചെന്നെത്തി. അതിജീവിതയെ പിണറായിയുടെ അടുത്ത് എത്തിക്കുകയും യു ഡി എഫിനെയും ഉമ്മന്‍ചാണ്ടിയെയും തീര്‍ക്കാനും ഉള്ള ഏറ്റവും മികച്ച ആയുധമാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. അതോടെയാണ് ആദ്യം ക്രൈംബ്രാഞ്ചിനും പിന്നീട് അതിജീവിതയുടെ കയ്യില്‍ നിന്നും ഒരു ലൈംഗീക പീഡന പരാതി എഴുതി വാങ്ങി സി ബി ഐ ക്കും ഈ കേസ് വിട്ടത്. എന്നാല്‍ സി ബി ഐ അന്വേണം ഈ ഗൂലാചനയെ വസ്തു നിഷ്ഠമായി പുറത്തുകൊണ്ടുവന്നു.