'തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം, കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്'; ആന്റണി രാജു

തൊണ്ടിമുതൽ കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് മുൻ മന്ത്രി ആന്റണി രാജു. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് പറഞ്ഞ ആന്റണി രാജു കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കൂട്ടിച്ചേർത്തു. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.

കേസിൽ താൻ നിരപരാധിയാണെന്നും ആന്റണി രാജു പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിൽ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. 2005 ൽ പൊടുന്നനെ തനിക്കെതിരെ കേസ് വന്നത്. തെരഞ്ഞെടുപ്പിന് മുൻപാണ് അന്ന് കേസ് വരുന്നതെന്നും ആന്റണി രാജു പറഞ്ഞു.

അതേസമയം 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലിയാണ് അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു.

കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

Read more