സമരം ഒത്തുതീര്‍പ്പായി; പിന്നാലെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീന്‍ ചന്ദ്രമോഹന്‍ നായര്‍ ഉള്‍പ്പടെ എട്ട് പേരാണ് രാജിവെച്ചത്. സ്ഥാനമൊഴിഞ്ഞ ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചത്. സിനിമോട്ടോഗ്രാഫി, ഓഡിയോ വിഭാഗം മേധാവിമാരും രാജിവെച്ചു. സിനിമോട്ടോഗ്രാഫി അസോ.പ്രൊഫസറും അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറും രാജി നല്‍കി.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി ആര്‍.ബിന്ദുവാണ് അറിയിച്ചത്. അക്കാദമികപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനഃരാരംഭിക്കും. പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തും. ഒഴിവുളള സംവരണസീറ്റുകള്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

സംവരണമാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കും. ഉന്നതസമിതികളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീര്‍ത്തും ശരിയല്ല. അത്തരം പ്രവണതകള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പാക്കും. വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളില്‍ കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

14 ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചത്. സമരത്തിന് സഹായം തന്നവര്‍ക്ക് സമരസമിതി നന്ദി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.