രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ നാളെ യുവാവിന്റെ മൊഴിയെടുക്കും; മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പരാതിക്കാരന്‍

ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ യുവാവിന് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് വെളിപ്പെടുത്തല്‍. യുവാവ് ഡിഡജിപിയ്ക്ക് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്തും. 2012ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് യുവാവ് പറയുന്നു.

സിനിമയില്‍ അവസരം ചോദിച്ചെത്തിയ യുവാവിനെ ബംഗളൂരുവില്‍ വച്ച് രഞ്ജിത്ത് പീഡനത്തിനിരയാക്കിയതായാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവ് ഡിജിപിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് രഞ്ജിത്തിനെ പരിചയപ്പെട്ടതായാണ് യുവാവ് പറയുന്നത്.

തുടര്‍ന്ന് അവസരം ചോദിച്ച യുവാവിനെ ബംഗളൂരുവിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് ആരോപണം. രാത്രി 10 മണിയോടെ ബംഗളൂരുവിലെ ഹോട്ടലിലെത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ രഞ്ജിത് അറിയിച്ചു. തുടര്‍ന്ന് മുറിയിലെത്തിയ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.

Read more

ഇതിന് പിന്നാലെ തന്നെ വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. അതേസമയം രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് രഞ്ജിത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വയ്ക്കുന്നത്.