ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം അയാൾ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്നും പറഞ്ഞു.
അറിയാതെ പാളിച്ച ഉണ്ടായോ എന്നറിയില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ബിനോയ് വിസാം പറഞ്ഞു. ആഴ്ചകളായി ഗുരുതരാവസ്ഥയിലാണ് ശങ്കരദാസ്. ഈ അവസ്ഥയിൽ നടപടിക്കൊന്നും പാർട്ടി പോകില്ല. അന്വേഷണം പൂർത്തിയായ ശേഷം എങ്ങനെ ഗൗരവത്തോടെ കാണണമോ അങ്ങനെ കാണും. മനുഷ്യത്വമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം കേരള കോൺഗ്രസിന് ഇല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ജോസ് കെ മാണിയുമായും റോഷിയുമായും സംസാരിച്ചു. കേരള കോൺഗ്രസിന് സ്വന്തം വഴിയറിയാം. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.







