'കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരായ സത്യാഗ്രഹ സമരം വെറും നാടകം, ജനങ്ങളെ പറ്റിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്'; വിമർശിച്ച് കെ സി വേണുഗോപാൽ

കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരായ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം വെറും നാടകമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജനങ്ങളെ പറ്റിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് വിമർശിച്ച കെ സി വേണുഗോപാൽ വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് ഒത്താശ ചെയ്യുന്ന സർക്കാരാണിതെന്നും വിമർശനം ഉന്നയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറിന്റെ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപിക്ക് കിട്ടിയ ഏറ്റവും വലിയ കൂട്ടാളിയാണ് പിണറായിയെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു. അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ താഴെയിറക്കി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം തൊഴിലുറപ്പ് പദ്ധതിയെ കൊല്ലാക്കൊല ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഫെഡറൽ വ്യവസ്ഥിതിക്ക് എതിരായ കടന്നാക്രമണമാണ്. RSS ൻ്റെ ഗെയിം പ്ലാൻ ആണിത് മഹാത്മാഗാന്ധിയുടെ ആശയങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണിത്. സംസ്ഥാന സർക്കാർ ബിൽ പാസാക്കണം. ആർഎസ്എസ് അജണ്ട നടപ്പിലാക്കിയ മുഖ്യമന്ത്രി, പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.