മതമൈത്രി തകര്‍ക്കാന്‍ സംഘപരിവാറിനെ അനുവദിക്കില്ല, പരാതി നല്‍കി ഡി.വൈ.എഫ്‌.ഐ

കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യം വിളി നടത്തിയതിനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. നാടിന്റെ മതമൈത്രി തകര്‍ക്കാന്‍ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുന്‍ പരാതി നല്‍കി.

കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായ വിദ്വേഷ മുദ്രാവാക്യമുയര്‍ന്നത്. മുസ്ലിം പള്ളികള്‍ തകര്‍ക്കുമെന്നായിരുന്നു മുദ്രാവാക്യം. ഇത് കേരളത്തിന്റെ ഐക്യം തകര്‍ക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ‘ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ മതത്തിന്റെ പേരില്‍ വെറുപ്പ് വളര്‍ത്താനാണ് ശ്രമം. ഇത് അനുവദിക്കാന്‍ കഴിയില്ല. മതേതരം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നല്‍കേണ്ടതുണ്ട്.’ ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്. റാലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Read more

ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 25 ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.