ആനി രാജയ്ക്ക് എതിരായ പരാമര്‍ശം തിരുത്തണം; പക്വതയുള്ള പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്, എം.എം മണിക്ക് എതിരെ എ.ഐ.വൈ.എഫ്

സിപിഐ ദേശീയ നേതാവായ ആനി രാജയ്ക്ക് എതിരെ എംഎല്‍എ എം എം മണി നടത്തിയ പരാമര്‍ശം തിരുത്തണമെന്ന് എഐവൈഎഫ്. പരാമര്‍ശം അപലപനീയമാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഇടത് രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല. പക്വതയുള്ള പ്രതികരണങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകേണ്ടതെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു.

സഭ്യമായ ഭാഷയില്‍ സംവാദങ്ങള്‍ നടത്തുകയാണ് വേണ്ടത്. അതിന് പകരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസ്താവനകള്‍ പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്താന്‍ എം.എം മണി തയ്യാറാകണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

‘ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ.’ ആനി രാജയുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നുമാണ് എം എം മണി പറഞ്ഞത്. കെ കെ രമയ്ക്ക് എതിരെ എം എം മണി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് ആനി രാജ നേരത്തെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എം എം മണിയുടെ അധിക്ഷേപ പരാമര്‍ശം. പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് ആനി രാജ പ്രതികരിച്ചു.

അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനം ആലോചിക്കണം. വര്‍ഷങ്ങളായി സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ നടത്തുന്നത്. കേരളമാണ് തന്റെ തട്ടകം. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് എട്ടാമത്തെ വയസിലാണ്. മോദിയും അമിത് ഷായും നോക്കിയിട്ട് തന്നെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും എം എം മണിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ആനി രാജ പറഞ്ഞു. സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മണിക്ക് എതിരെ പ്രതികരിച്ചതെന്നും ആനി വ്യക്തമാക്കി.