ചോക്ലേറ്റില്‍ നിന്ന് ലഹരി; പൊലീസ് അന്വേഷണത്തില്‍ ട്വിസ്റ്റ്; ലഹരിയെത്തിയത് ചോക്ലേറ്റില്‍ നിന്ന് അല്ലെന്ന് പൊലീസ്

കോട്ടയം മണര്‍കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥി കഴിച്ച ചോക്ലേറ്റില്‍ ലഹരി ഉണ്ടായിരുന്നെന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തില്‍ വഴിത്തിരിവ്. കുട്ടി സ്‌കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരി കലര്‍ന്നിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടി സ്‌കൂളില്‍ ക്ലാസില്‍ കിടന്നുറങ്ങിയതായി ടീച്ചര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു.

തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് എത്തിയശേഷം വീട്ടിലും കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയത്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോള്‍ നല്‍കിയ മരുന്നിന്റെ പാര്‍ശ്വഫലമായാണ് ലഹരിയുടെ അംശം ശരീരത്തില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍. ചില മരുന്നുകളില്‍നിന്ന് ബെന്‍സൊഡയാസിപെന്‍സ് ശരീരത്തില്‍ രൂപപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.