ഗവര്‍ണറുടെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്തി പൊലീസ്; പുതിയ റൂട്ട് പ്രതിഷേധം കണക്കിലെടുത്ത്

തലസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണറുടെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്തി പൊലീസ്. സാധാരണയായി വെള്ളയമ്പലം-പാളയം വഴിയാണ് ഗവര്‍ണര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇത്തവണ രാജ്ഭവനില്‍ നിന്നും കുറവന്‍കോണം-കുമാരപുരം വഴിയാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്.

ഗവര്‍ണറുടെ പതിവ് വഴിയായ പാളയം-ജനറല്‍ ആശുപത്രി റോഡില്‍ ഇന്നും എസ്എഫ്‌ഐ പ്രതിഷേധവുമായി എത്തിയിരുന്നു. ഫിയര്‍ലെസ് 53 എന്ന ബാനറുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ദിവസവും ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ച് എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു.

Read more

ഗവര്‍ണര്‍ വിമാനത്താവളത്തില്‍ നിന്നും രാജ്ഭവനിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം ഉണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തോടെയാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച നാല് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.