'രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്തിട്ടുണ്ട്, കോണ്‍ഗ്രസിന് സിപിഎം ധാര്‍മികതയുടെ ക്ലാസ് എടുക്കേണ്ട'; ഒ ജെ ജനീഷ്

രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ കോണ്‍ഗ്രസിന് സിപിഎം ധാര്‍മികതയുടെ ക്ലാസ് എടുക്കേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. രാഹുൽ വിഷയത്തിൽ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഒ ജെ ജനീഷ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ല എന്നും പറഞ്ഞു.

രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത്. സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ചെയ്തു. ഇനി പാര്‍ട്ടി പ്രിവിലേജ് രാഹുലിന് ഇല്ല. ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസ്സെടുക്കുന്നത്. ഇനി ആ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും ഒ ജെ ജനീഷ് പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്ത് വന്നു. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ എന്നും ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ കുറ്റപ്പെടുത്തി.

രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു. അതേസമയം മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതക്കയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്വന്നിരുന്നു. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്ന് രാഹുൽ ഭീഷണി മുഴക്കിയിട്ടുണ്ട്. കൂടാതെ തന്നെ പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട എന്നും രാഹുൽ അയച്ച സന്ദേശത്തിൽ പറയുന്നു.