ലക്ഷ്യം പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക; ടീ കോം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്

ടീ കോമുമായി പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടീ കോമുമായി നിയമയുദ്ധത്തിന് പോകേണ്ടതില്ലെന്നാണ് ലഭിച്ച നിയമോപദേശം. അതാണ് ഉചിതമെന്ന് സര്‍ക്കാരിനും തോന്നി. നാടിന്റെ താത്പര്യം പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്ഥലം എത്രയും വേഗം വിനിയോഗിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ടീകോം മുടക്കിയതില്‍ എന്ത് തിരിച്ചു കൊടുക്കാന്‍ ആവുമെന്നാണ് പരിശോധിച്ചത്. നഷ്ടപരിഹാരം എന്ന വാക്ക് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. കേരളത്തില്‍ പുതിയത് ഒന്നും വരരുത് എന്ന ആഗ്രഹമാണ് ചിലര്‍ക്കെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചില മാധ്യമങ്ങള്‍ മാത്രം എതിര് പറയുന്നുണ്ട്. പൊതുവില്‍ സര്‍ക്കാര്‍ നടപടികളോട് അനുകൂല വികാരമാണുള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാരും ടീകോമും തമ്മിലുള്ള പൊതുധാരണ പ്രകാരമാണ് ഭൂമി തിരിച്ചു പിടിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി പദ്ധതിയില്‍ ഒരു പുരോഗതിയുമില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.