സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 49,547 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. 15,126 മരണങ്ങള്‍ അപ്പീല്‍ വഴി മാത്രം സ്ഥിരീകരിച്ചതാണ്. ആദ്യ കാലത്ത് കോവിഡ് മരണ കണക്കുകള്‍ സര്‍ക്കാര്‍ മറച്ച് വയ്ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കൂടുതല്‍ മരണങ്ങള്‍ കോവിഡ് മരണ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് മരണസംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ നിലവില്‍ മരണനിരക്ക് 0.93 ശതമാനമാണ്. ദേശീയ തലത്തില്‍ ഇത് 1.37 ശതമാനമാണ്. കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കേരളം ഇതോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ. 1,41,627 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരിച്ചത്. രാജ്യത്ത് ആകെ ഇതുവരെ 4,93,790 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

Read more

2021 ജൂണ്‍ 18 വരെ ഉള്ളതില്‍ മുമ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന 3,779 മരണങ്ങള്‍ കൂടി ചേര്‍ത്തു. ആദ്യ കാലത്ത് മറച്ച് വച്ചതും, സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുമായ 18,905 മരണങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇനിയും 10,000 ത്തില്‍ അധികം മരണങ്ങളുടെ അപ്പീല്‍ സുപ്രീം കോടതിയില്‍ പരിഗണനയിലുണ്ട്. ഇത് കൂടി ഉള്‍പ്പെടുത്തുന്നതോടെ മരണ സംഖ്യ ഇനിയും ഉയരും.