ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ തിയേറ്ററുകളിൽ നിന്ന് വൻ വിജയമാണ് നേടിയത്. മോഹൻലാൽ-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം രാജ്യമൊട്ടാകെ മികച്ച സ്വീകാര്യത നേടി. എമ്പുരാൻ സിനിമയിൽ പ്രണവ് മോഹൻലാലിന്റെ ലുക്കിന് റഫറൻസായി എടുത്തത് ഏത് ചിത്രത്തിൽ നിന്നാണെന്ന് പറയുകയാണ് പൃഥ്വിരാജ്. തന്റെ എറ്റവും പുതിയ ബോളിവുഡ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്. ഒപ്പം ലൂസിഫർ മൂന്നാം ഭാഗത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങളും നടൻ വെളിപ്പെടുത്തി.
എമ്പുരാനിലെ പ്രണവിന്റെ ലുക്കിന് റഫറൻസായി എടുത്തത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ മോഹൻലാലിന്റെ ചിത്രങ്ങളായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. “എമ്പുരാനിൽ മോഹൻലാൽ സർ ചെയ്ത കഥാപാത്രത്തിന്റെ യൗവനകാലം കാണിക്കുന്ന ഒരു എപ്പിസോഡ് ചെയ്യേണ്ടതുണ്ടായിരുന്നു. വളരെ ചെറിയ ഭാഗമായിരുന്നു അത്. ഇത് കാണിക്കാൻ എഐ, ഫേസ് റീപ്ലേസ്‌മെന്റ് പോലുള്ള ടെക്‌നോളജികൾ ഉപയോഗിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഓർഗാനിക്കായിരിക്കണം ആ രംഗങ്ങളെന്ന് ഉണ്ടായിരുന്നു. ഭാഗ്യത്തിന് എനിക്ക് പ്രണവിനെ ലഭിച്ചു. ആ ലുക്കിൽ പ്രണവിന് ലാൽ സാറുമായി വലിയ സാമ്യവും തോന്നുന്നുണ്ട്. എമ്പുരാന് വേണ്ടി ഞങ്ങൾ ആ സീക്വൻസ് ചിത്രീകരിച്ചപ്പോൾ റഫറൻസ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ലാൽ സാറിന്റെ ചിത്രങ്ങളായിരുന്നു”, പൃഥ്വി പറഞ്ഞു.
Read more
സ്റ്റീഫൻ നെടുമ്പളളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം എൽ3യിലും ഉണ്ടാകും. പക്ഷേ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ലൂസിഫർ 3യിൽ കൂടുതൽ വില്ലൻ കഥാപാത്രങ്ങൾ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. മൂന്നാം ഭാഗത്തിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന ചോദ്യത്തോട് അതേകുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.









