വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കുടുംബപശ്ചാത്തലത്തിലുളള കഥ പറയുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ ആദ്യ ദിനം നേടിയ കലക്ഷൻ സംബന്ധിച്ചുളള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരിക്കുകയാണ്. 4.15 കോടി രൂപയാണ് ആഗോള തലത്തിൽ ഓപ്പണിങ് ഡേ കലക്ഷനായി വിജയ് സേതുപതി ചിത്രം നേടിയിരിക്കുന്നത്.
ആകാശവീരൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശി ആയി നിത്യ മേനോൻ എത്തുന്നു. ഒരു ഹോട്ടൽ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകൻ. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. ചെമ്പൻ വിനോദ്, യോഗി ബാബു, കാളി വെങ്കട്, ആർ കെ സുരേഷ്, ദീപ ശങ്കർ, റോഷിനി ഹരിപ്രിയൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. സന്തോഷ് നാരായണൻ ഒരുക്കിയ സിനിമയിലെ പാട്ടുകൾ നേരത്തെ തരംഗമായിരുന്നു.
Read more
സത്യ ജ്യോതി ഫിലിംസിൻറെ ബാനറിൽ ടിജി ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. ജി ശരവണൻ, സായ് സിദ്ധാർഥ് എന്നിവരാണ് സഹനിർമ്മാണം. ഛായാഗ്രഹണം എം സുകുമാർ, കലാസംവിധാനം കെ വീരസമൻ, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റർ കലൈ കിങ്സൺ, കൊറിയോഗ്രഫി ബാബ ഭാസ്കർ.









