'യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ പേര് ജെ എസ് അഖിലിന്റേത്, അന്നത് നടന്നിരുന്നുവെങ്കിൽ ഇതിലും നല്ല ഫലം ഉണ്ടായേനെ'; വി എം സുധീരൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദേശിച്ചത് ജെ എസ് അഖിലിനെയായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പിന്നീട് നടന്ന ചരടുവലികളില്‍ ആ നിര്‍ദേശം നടപ്പായില്ലെന്നും എന്നാൽ അന്ന് അത് നടന്നിരുന്നുവെങ്കിൽ ഇതിലും നല്ല ഫലം ഉണ്ടായേനേയെന്നും വി എം സുധീരൻ പറഞ്ഞു.

ഷാഫി പറമ്പിൽ എം പിയ്ക്കും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെയുള്ള ഒളിയമ്പാണ് വി എം സുധീരന്റെ വെളിപ്പെടുത്തൽ. ഉമ്മന്‍ചാണ്ടി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് 2023 ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് വി എം സുധീരൻ പറയുന്നു. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ട കെ എം അഭിജിത്ത്, ജെ എസ് അഖില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകളുമായി അന്ന് ഷാഫി പറമ്പിലും ബെന്നി ബെഹന്നാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ പേര് ജെ എസ് അഖിലിന്റേതായിരുന്നു.

ഇക്കാര്യം വ്യക്തമാക്കി ഒരു പേരില്‍ അദ്ദേഹം മാര്‍ക്ക് ചെയ്തു നല്‍കിയിരുന്നു എന്നാണ് വിവരം. എന്നാല്‍ പിന്നീട് നടന്ന ചരടുവലികളില്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം നടപ്പായില്ല. ഈ വിഷയത്തില്‍ അന്ന് തന്നെ പാര്‍ട്ടിയ്ക്കും ഗ്രൂപ്പിനും ഉള്ളില്‍ ഭിന്നതയ്ക്ക് വഴിവച്ചിരുന്നു എന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ആയിരുന്നു ഷാഫി പറമ്പില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ണായക സമയത്ത് എ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഗണിച്ചെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരമെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.