'ചൂണ്ടിക്കാട്ടിയത് മന്ത്രിയുടെ ജാഗ്രതക്കുറവ്, വി ശിവൻകുട്ടിക്ക് വേദന ഉണ്ടായെങ്കിൽ ഖേദിക്കുന്നു'; ഖേദപ്രകടനവുമായി എഐവൈഎഫ്

പി എം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഖേദപ്രകടനവുമായി എഐവൈഎഫ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് വേദന ഉണ്ടായെങ്കിൽ ഖേദിക്കുന്നുവെന്ന് എഐവൈഎഫ് അറിയിച്ചു. ചൂണ്ടിക്കാട്ടിയത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐവൈഎഫ് പറഞ്ഞു. നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് എഐവൈഎഫ് ഖേദപ്രകടനം നടത്തിയത്.

പിഎം ശ്രീയുമായി ബന്ധപ്പെട്ട AISF, AIYF മാർച്ചുകൾക്ക് നേരെ മന്ത്രി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. തെറ്റായ മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്ന് പറഞ്ഞ മന്ത്രി യുവനേതാക്കളുടെ പരാമർശം വേദനിപ്പിച്ചുവെന്നും പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതിയിലെ AISF, AIYF പ്രതിഷേധം അതിരുകടന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ഇത് സിപിഎം സിപിഐ പ്രശനം ആണെന്നും ഇതിൽ ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം മന്ത്രി ജി ആർ അനിലിനും പ്രകാശ് ബാബുവിനും എതിരെയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്തെങ്കിലും കുറവുണ്ടെങ്കിൽ ചവിട്ടി താഴ്ത്തുന്നത് ശരിയല്ലെന്നും സിപിഐ ഓഫിസിന് മുന്നിൽ വച്ച് മന്ത്രി ജി ആർ അനിൽ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും വി ശിവൻകുട്ടി പറഞ്ഞു. എവിടെ നിന്നോ ഒരുത്തൻ ഓഫിസിൽ കയറി വന്ന പോലെ ആയിരുന്നു അനിലിന്റെ പരാമർശം. അതേസമയം വിഷയത്തിൽ എം എ ബേബി നിസ്സഹായനെന്ന് പ്രകാശ് ബാബു പറയാൻ പാടില്ലായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read more