കേരളത്തില്‍ വ്യവസായങ്ങള്‍ വരേണ്ടന്നാണ് മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്; സംരംഭക വര്‍ഷം പദ്ധതിയെ 'ലക്ഷണമൊത്ത കള്ളം' എന്നു വിളിച്ചു; തുറന്നടിച്ച് പി രാജീവ്

കേരളത്തില്‍ ഒരു വ്യവസായവും വരേണ്ടന്നാണ് മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. വിവാദങ്ങള്‍ ഉണ്ടാകുന്നതല്ല എന്നും ഉണ്ടാക്കുന്നതാണ്. കേരളത്തില്‍ പശ്ചാത്തല സൗകര്യ വികസനമൊരുക്കിയ കിഫ്ബിയെ ആദ്യം വിവാദത്തിലാക്കി. ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ കുറിച്ചും കെഎസ്ഐഡിസിയെ കുറിച്ചും കിന്‍ഫ്രയെ കുറിച്ചും എല്ലാം വാര്‍ത്തകള്‍ എഴുതിയെന്നും അദേഹം കുറ്റപ്പെടുത്തി.

സംരംഭക വര്‍ഷം പദ്ധതിയെ ലക്ഷണമൊത്ത കള്ളം എന്നാണ് മനോരമ എഴുതിയത്. ലോകത്ത് ഒരു മാധ്യമവും അത് പ്രവര്‍ത്തിക്കുന്ന നാടിനെതിരെ ഇത്ര വലിയ ആക്രമണം നടത്തില്ല. ഇവിടെ വ്യവസായം വരരുതെന്നും ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കരുതെന്നുമാണോ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി കെഎസ്ഐഡിസി കേരളത്തിന്റെ വ്യവസായ വികസനത്തിന് എന്തു നല്‍കി, എത്ര സംരംഭം വന്നു, എത്രപേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് അന്വേഷിച്ച് വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുമോയെന്നും രാജീവ് കുറ്റപ്പെടുത്തി.