ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

വയനാട്ടില്‍ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിലെ താത്കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വിളര്‍ച്ചയും ന്യുമോണിയയും ബാധിച്ച് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ച കുഞ്ഞിന് വേണ്ട ചികിത്സ നല്‍കാതെ ഡോക്ടര്‍ മടക്കി അയച്ചെന്നാണ് ആരോപണം. കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് വീട്ടില്‍വച്ച് മരിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 22 നാണ് വെള്ളമുണ്ട കാരാട്ടുക്കുന്ന് പണിയ കോളനിയിലെ ബിനീഷ് – ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മുലപ്പാല്‍ നല്‍കുന്നതിനിടെ മരിച്ചത്. ന്യുമോണിയയും വിളര്‍ച്ചയുമായിരുന്നു മരണ കാരണം.

Read more

മരിക്കുന്നതിന് ഒരു ദിവസം മുന്‍പ് കടുത്ത ചുമയും കഫക്കെട്ടും അനുഭവപ്പെട്ട കുഞ്ഞിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് നിസാര വത്കരിച്ച ഡോക്ടര്‍ വേണ്ട ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.