ദളിത് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവം; പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയ്‌ക്കെതിരെ പരാതി

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അപമാനിച്ചതായി പരാതി. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയ്‌ക്കെതിരെയാണ് പരാതി. ലാപ്‌ടോപ്പ് വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ ദാനം നല്‍കുന്ന സാധനം വാങ്ങാന്‍ വന്നവളെന്ന് പറഞ്ഞ് അപമാനിച്ചതായാണ് പരാതി.

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വാങ്ങാനാണ് ബിരുദ വിദ്യാര്‍ത്ഥിയും സഹോദരനും പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. തുടര്‍ന്ന് സമര്‍പ്പിച്ച രേഖകള്‍ ശരിയല്ലെന്ന് പറഞ്ഞ് അസിസ്റ്റന്റ് സെക്രട്ടറി പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ജാതിപ്പേര് വിളിച്ച് പ്രദീപ് അപമാനിച്ചതായി വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍ വ്യക്തമാക്കി.

ജാതിപ്പേര് വിളിച്ച് അപമാനിച്ച സംഭവത്തില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം എസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തിന് പിന്നാലെ വാര്‍ഡ് മെമ്പറെയും അസിസ്റ്റന്റ് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതിയുണ്ട്.