ഇനിയും കാലമില്ല, കാത്തിരിക്കാനാകുമില്ല; ഇടുക്കിയെ ഇളക്കി മറിച്ച് വേടന്‍; അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് റാപ്പര്‍ വേടന്‍

സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് റാപ്പര്‍ വേടന്‍. വന്‍ സുരക്ഷ ക്രമീകരണങ്ങളോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആരവങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് വേടനെ വരവേറ്റത്. ഇടുക്കി വാഴത്തോപ്പില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്.

നേരത്തെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ ഉള്‍പ്പെട്ടതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വേടന് സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടന് വേദിയൊരുങ്ങിയത്.

തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടന്‍ പറഞ്ഞു. തന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിക്കുകയാണ് വേണ്ടത്. താന്‍ നിങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത്. തന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും വേടന്‍ ആരാധകരോടായി പറഞ്ഞു.

തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് താന്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത്. വേടന്‍ എന്ന വ്യക്തി പൊതുസ്വത്താണ് താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് താനെന്ന് പറഞ്ഞ വേടന്‍ വേദി നല്‍കിയതില്‍ സര്‍ക്കാരിന് നന്ദിയും അറിയിച്ചു.

Read more

ഉദ്ഘാടന ദിവസമായ ഏപ്രില്‍ 29ന് വേടന്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ 28ന് വേടന്‍ ലഹരി കേസില്‍ ഉള്‍പ്പെട്ടതോടെയാണ് പരിപാടി റദ്ദാക്കിയത്. വേടനൊപ്പം സര്‍ക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നു. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും.തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.