അതൊക്കെ കൈയില്‍ വച്ചാല്‍ മതിയെന്ന് പൊലീസിനോട് ഹൈക്കോടതി; മൂന്നാം മുറ ഔദ്യോഗിക കൃത്യനിര്‍വഹണമല്ല

പൊലീസിന്റെ മൂന്നാം മുറ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എസ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. 2008ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കിയത്.

നിലമ്പൂര്‍ എസ്ഐ സി അലവി സ്റ്റേഷനില്‍ വെച്ച് അസഭ്യം പറയുകയും തല ഭിത്തിയില്‍ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്തുവെന്നാണ് കേസ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പൊലീസിന് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തിയെ മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ നടപടി ചട്ടത്തിന്റെ സെക്ഷന്‍ 197 പ്രകാരം പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.