പമ്പയിൽ നടന്ന അയ്യപ്പ സംഗമം പൊറാട്ടു നാടകമാണെന്ന് ഹൈന്ദവ സമൂഹം തിരിച്ചറിയണമെന്ന് മുൻ നിലമ്പൂർ എംഎൽഎ പി വി അൻവർ. അയ്യപ്പസംഗമം വെറുമൊരു നാടകമായിരുന്നുവെന്നും പൊലീസ് വിഷയങ്ങൾ മൂടി വെക്കാനാണ് ഇപ്പോഴത്തെ ഈ ശ്രമംമെന്നും പി വി അൻവർ കുറ്റപ്പെടുത്തി. വർഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി വി അൻവർ ആരോപിച്ചു.
ന്യൂനപക്ഷത്തെ പൂർണമായും അകറ്റി നിർത്തുകയാണ് ചെയ്തതതെന്നും വർഗീയത കൊണ്ട് ഭരണം നിലനിർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും പി വി അൻവർ പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും നിലപാട് മൂന്ന് വർഷം മുമ്പ് നമ്മൾ കണ്ടതാണെന്നും പി വി അൻവർ പറഞ്ഞു. സ്ത്രീ സാന്നിദ്ധ്യം ശബരിമലയിൽ ഉറപ്പിക്കാൻ വലിയ ശ്രമം ആണ് അന്ന് നടത്തിയത്. അങ്ങിനെ അയ്യപ്പനുമായി ഒരു ആത്മാർഥതയും ഇല്ലാത്തയാളുകളുടെ സംഗമം ആണ് ഇന്നലെ നടന്നതെന്നും പി വി അൻവർ കുറ്റപ്പെടുത്തി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ വർഗീയത തുപ്പുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ കൊണ്ടുവരാൻ എന്തിനാണ് സർക്കാർ ശ്രമിച്ചതെന്നും പി വി അൻവർ ചോദിച്ചു. താൻ ഒരു വർഗീയവാദി ആണെന്ന് നെറ്റി പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. അയ്യപ്പ സംഗമം പൊറാട്ട നാടകം ആണെന്നും ഹൈന്ദവ സമൂഹം ഇത് തിരിച്ചറിയണമെന്നും പി വി അൻവർ പറഞ്ഞു.







