പിതാവ് പുറത്തിറങ്ങുന്നത് ഭീഷണി, തന്നെയും കുടുംബത്തെയും കൊല്ലും; ഹമീദിന്റെ മൂത്തമകന്‍ ഷാജി

ഇടുക്കി ചീനിക്കുഴിയിലെ കൂട്ടക്കൊലക്കേസ് പ്രതിയായ പിതാവ് ഹമീദ് പുറത്തിറങ്ങുന്നത് ഭീഷണിയെന്ന് മൂത്ത മകന്‍ ഷാജി. ഹമീദ് പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പിതാവിന് യാതൊരു വിധ നിയമസഹായവും നല്‍കില്ല. പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഷാജി പറഞ്ഞു.

ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്ന് പല തവണ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. ഇനി ഒരിക്കലും ജയിലില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രാണഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്ന് ഷാജി പറഞ്ഞു.

പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. 30 വര്‍ഷത്തിലേറെ വീട് വിട്ട് പോയിട്ട് തിരികെ വന്ന ശേഷം സ്വത്ത് തിരികെ ചോദിക്കുകയായിരുന്നു. മക്കള്‍ക്കെതിരെ നിരവധി തവണ കേസ് കൊടുത്തിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ചപ്പോള്‍ സഹികെട്ട് കഴിഞ്ഞ ദിവസമാണ് ഫൈസല്‍ പിതാവിനെതിരെ ഒരു കേസ് കൊടുത്തത്. മക്കളെ കൊല്ലുമെന്ന് പിതാവ് പലരുടെയടുത്തും പറഞ്ഞിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹമദ് വീടിന് തീയിട്ട് മകനേയും കുടുംബത്തെയും കൊലപ്പെടുത്തിയത്. മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്.

കൊലപാതകത്തിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് ഒഴുക്കിവിട്ടിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.