സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹതകൾക്ക് അവസാനം വേണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകാൻ ഈ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ലെന്ന് പറഞ്ഞ പി എസ് പ്രശാന്ത് ദേവസ്വം ബോർഡിനെ സംശയ നിഴലിലാക്കരുതെന്നും പറഞ്ഞു.
2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വിട്ടു നൽകിയിട്ടില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണപ്പാളികൾ കൈമാറരുത് എന്നത് എന്റെ നിർദ്ദേശമായിരുന്നു. 2024ൽ വേറെ തിരുവാഭരണ കമ്മീഷണർ ആയിരുന്നു. അദ്ദേഹത്തിനുണ്ടായ ആശയക്കുഴപ്പമാണ് കാരണം. ആ പിശക് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെടും ചെയ്തിരുന്നുവെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ നടത്തിയിട്ടുള്ളത്. ആരുടെയെങ്കിലും ഇഷ്ടപ്രകാരം പാളികൾ കൊടുക്കാൻ പാടില്ലെന്ന നിലപാടാണ് താൻ എടുത്തത്. 2025ൽ പാളികൾ കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോർഡിനാണ്. ഇപ്രാവശ്യം പക്ഷേ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. ഇപ്പോഴത്തെ ബോർഡിനെ സംശയനിഴലിൽ ആക്കേണ്ട ആവശ്യമില്ല. എല്ലാ ദുരൂഹതകൾക്ക് അവസാനം വേണമെന്നാണ് ബോർഡിൻറെ നിലപാട് പി എസ് പ്രശാന്ത് വ്യക്തമാക്കി.







