'വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുന്നു'; മന്ത്രി സജി ചെറിയാന് മറുപടിയുമായി പിഎംഎ സലാം

വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് പറഞ്ഞ പിഎംഎ സലാം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമർശിച്ച് സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പിഎംഎ സലാമിന്റെ പ്രതികരണം.

സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ സജി ചെറിയാൻ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ മാർക്സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാർത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളിൽ ഇത്തരത്തിലാണ് അവർ മത്സരിപ്പിച്ചത്. കാസർകോട് നഗരസഭയിലെ കണക്കുകൾ പറയുന്ന മന്ത്രിക്ക് ബിജെപി പോലും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ എന്നും പിഎംഎ സലാം പരിഹസിച്ചു.

ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തിൽ വളർത്തിയത് സിപിഎമ്മാണ്. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും സലാം കുറ്റപ്പെടുത്തി. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞുനിർത്തുന്നത് മുസ്‌ലിം ലീഗാണെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

Read more