കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി. കഴിഞ്ഞ ദിവസം കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ഹാജരായത്.

എന്നാല്‍ കുറ്റപത്രം അടിസ്ഥാനരഹിതമെന്ന പ്രതിയുടെ വാദവും കോടതി തളളി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശ്രീരാമിനെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.

Read more

അഞ്ച് വര്‍ഷം മുന്‍പ് 2019 ആഗസ്റ്റ് 3ന് രാത്രി ഒരു മണിയ്ക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. കേസിന്റെ ആദ്യഘട്ടത്തില്‍ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസില്‍ ശ്രീരാമിനെതിരെ പൊലീസ് നടപടിയെടുത്തത്.