'മന്ത്രിസഭാ തീരുമാനം നടന്നു, കത്തയച്ചത് ഇടത് മൂല്യം ഉയർത്തിപ്പിടിക്കാൻ'; ബിനോയ് വിശ്വം

കേന്ദ്ര സർക്കാർ വിദ്യാഭ്യസ പദ്ധതിയായ പിഎം ശ്രീ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചതിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മന്ത്രിസഭാ തീരുമാനം നടന്നുവെന്നും കത്തയച്ചത് ഇടത് മൂല്യം ഉയർത്തിപ്പിടിക്കാനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. നേരത്തെ കത്തയക്കുന്നത് വൈകുന്നതിൽ ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.

സിപിഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലാണ് ഇപ്പോൾ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച് കത്ത് വൈകുന്നതിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു.

പിന്നാലെ കത്തിന്റെ കരട് സിപിഐ മന്ത്രിമാരെ കാണിച്ച ശേഷം ഇപ്പോൾ കേന്ദ്രത്തിന് അയച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായുമായി നടന്ന കൂടിക്കാഴ്ചയിൽ പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അറിയിച്ചിരുന്നു. വാക്കാൽ മാത്രമേ ഇതറിയിച്ചിട്ടുള്ളൂ. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന് കേരളം കത്തയച്ചത്.

അതേസമയം നേരത്തെ കത്തയക്കുന്നത് വൈകുന്നതിൽ ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. സിപിഎമ്മും സർക്കാരും തന്ന പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ല. സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read more