കെ.വി തോമസിന് എതിരായ നടപടി കെ.പി.സി.സി തീരുമാനിക്കും

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ കെ വി തോമസിന് എതിരെയുള്ള നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ്.

തോമസിന് വിലക്കേര്‍പ്പെടുത്തിയത് കെപിസിസിയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കെപസിസിക്ക് തന്നെ തീരുമാനം എടുക്കാം. തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെ വി തോമസ് പങ്കെടുത്താലും ഇല്ലെങ്കിലും നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. തോമസിന്റേത് അച്ചടക്ക ലംഘനമാണ്. ഇനി ആശയവിനിമയത്തിനില്ല. കെപിസിസി നടപടി എടുത്തതിന് ശേഷം എഐസിസിയുടെ തീരുമാനത്തിന് വിടും. തുടര്‍ നടപടികള്‍ എന്താണെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ വി തോമസ് അറിയിച്ചത്. കണ്ണൂരില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്നാണ് ഭീഷണി. അത് ശരിയാണോ എന്നാലോചിക്കണം. ഞാന്‍ ഈ പാര്‍ട്ടിയില്‍ നൂലില്‍ കെട്ടി ഇറക്കിയ ആളല്ല. എന്നിട്ടും എന്നെ അപമാനിക്കാമോ? ഈ അപമാനം സഹിക്കാന്‍ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.

താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ല. പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണെന്നാണ് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.