'തരൂർ ലക്ഷ്‌മണ രേഖ ലംഘിക്കരുത്‌, ലംഘിച്ചാൽ നടപടി'; ശശി തരൂരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

നിരന്തരം പാർട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ നടപടികളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തരൂർ ലക്ഷ്‌മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ കെസി വേണുഗോപാൽ ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. അതേസമയം കോൺഗ്രസ്‌ അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് എന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ശശി തരൂർ പാർട്ടിയെ അറിയിക്കാതെ കേന്ദ്രസർക്കാരിൻ്റെ ആവശ്യപ്രകാരം വിദേശ യാത്ര ചെയ്യുന്നതേപ്പറ്റിയുള്ള ചോദ്യത്തോട് നല്ല കാര്യമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. കോൺഗ്രസ്‌ അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ 52 വെട്ട് വെട്ടുന്ന പാർട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടി എടുക്കുമെന്നും കെ സി വേണുഗോപാൽ ഓർമ്മിപ്പിച്ചു.

അതേസമയം ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ വിതരണം ചെയ്തില്ലെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറുടെ നടപടിയെയും കെ സി വേണുഗോപാൽ വിമർശിച്ചു. ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്നും കെസി വേണുഗോപാൽ വിമർശിച്ചു.

Read more