'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി തരൂർ കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പറഞ്ഞു.

ദേശീയതയ്ക്ക് അനുകൂലമായി തരൂർ നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രമാണെന്നും അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം ഭാരതാംബ വിവാദത്തിൽ വലിയ കാര്യങ്ങൾ വഴിതിരിച്ച് വിടാനാണ് നീക്കമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതംബയുടെ ചിത്രത്തിൽ പൂവിടുന്നത് ചെയ്യുന്നവരുടെ അവകാശമാണ്. വലിയ കാര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തരുത് എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുകയാണ്, അതുമാത്രമാണ് അതിലൂടെ ഉദ്ദേശിക്കുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.