'മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാനാകില്ല'; സുരേഷ് ഗോപിയെ വിമർശിച്ച് ടിഎൻ പ്രതാപൻ

തൃശ്ശൂർ ലൂർദ് പള്ളിയിൽ സ്വർണ്ണകിരീടം സമർപ്പിച്ച സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ രംഗത്തെത്തി.”മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂർ പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷമെന്നും പ്രതാപൻ പരിഹസിച്ചു. ബിജെപിക്ക് മനഃപരിവർത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ കിരീടം സമർപ്പിക്കാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും എത്തിയത്. സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാ പ്രാർത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താൻ കൊണ്ടുവന്ന സ്വർണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിന്റെ തിരുരൂപത്തിന് മുന്നിൽ നിന്ന് കിരീടം ഏറ്റുവാങ്ങി.

തുടർന്ന് സുരേഷ് ഗോപി മകൾക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിന്റെ തലയിൽ അണിയിക്കുകയായിരുന്നു. അതേ സമയം സുരേഷ് ഗോപി സമര്‍പ്പിച്ച സ്വർണക്കിരീടം താഴെ വീണ് പൊട്ടിയിരുന്നു. ഈ സംഭവത്തിൽ പരിഹാസവുമായി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിച്ചിരുന്നു.കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാർഥിക്കുന്നതിനിടെയാണ് താഴെ വീണ് മുകള്‍ഭാഗം വേര്‍പെട്ടത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്.

കഴിഞ്ഞ പെരുന്നാളിന് ലൂർദ് പള്ളിയിൽ എത്തിയപ്പോൾ സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നൽകുകയായിരുന്നു. തുടർന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം സ്വർണ്ണകിരീടം സമർപ്പിച്ചത്. കിരീടം സമർപ്പിക്കാൻ ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു. നാളെ നടക്കുന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുക്കും.