ജലീലിനെ വെല്ലുവിളിച്ച് സ്വപ്‌ന; രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തും

മുന്‍ മന്ത്രി കെ.ടി ജലീലിനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വപ്‌ന പറഞ്ഞു. കേരള പൊലീസിന്റെ സുരക്ഷ തനിക്ക് വേണ്ടെന്ന് പറഞ്ഞ സ്വപ്‌ന ഷാജ് കിരണിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

സത്യത്തില്‍ ആരാണ് ഗൂഢാലോചന നടത്തിയത്. ഞാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. ഗൂഢാലോചന നടത്തിയത് കെ.ടി ജലീലിന്റെ നേതൃത്വത്തിലാണ്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിക്കെതിരെ ഗൂഢാലോചന നടത്തിയത് ജലീലാണ്. രഹസ്യമൊഴിയില്‍ കെടി ജലീലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ പുറത്തുവിടും. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും സ്വപ്‌ന പറഞ്ഞു.

ശബ്ദരേഷ പുറത്തുവിട്ടതിന് പിന്നാലെ സ്വപ്‌ന സുരേഷ് സ്വന്തം സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ടു ബോഡിഗാര്‍ഡുകളെ അവര്‍ നിയമിച്ചു. ഇവര്‍ എല്ലാസമയത്തും സ്വപ്‌നയ്‌ക്കൊപ്പമുണ്ടാകും.

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.