എസ്എൻസി ലാവലിൻ കേസ്; ഓഗസ്റ്റ് 10-ന് സുപ്രീംകോടതി പരിഗണിക്കും

എസ്.എൻ.സി ലാവലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്‌ലിൻ കേസ് വീണ്ടും പരിഗണിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. 27 തവണ ലാവ്‌ലിൻ കേസ് മാറ്റിവെച്ചിരുന്നു. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ കൈമാറിയിരുന്നു. എൻഫോഴ്സ്മെന്റാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും ഹൈക്കോടതി വിധി വിവേചനപരമാണെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പെടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.