ഇടത് സര്‍ക്കാരിന്റെ പിഎംശ്രീ ഒപ്പിടലിനെ വിമര്‍ശിച്ച് സുപ്രഭാതം; സിപിഎം സെക്രട്ടറി എംഎ ബേബിയുടെ അവസ്ഥ പരിതാപകരമെന്നും സമസ്ത മുഖപത്രം; 'സിപിഐയുടെ വായിത്താരി നിര്‍ത്തിക്കോണം എന്ന താക്കിത് സിപിഎം നല്‍കികാണും'

ആദ്യം എതിര്‍ത്ത് നിന്നിട്ട് മുന്നണിയില്‍ പോലും അറിയിക്കാതെ പിഎംശ്രീയില്‍ ഒപ്പിട്ട ഇടത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സി.പി.എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയും കേരള മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ അവസ്ഥ എത്ര പരിതാപകരമാണെന്ന പരിഹാസവും സമസ്ത മുഖപത്രത്തിലുണ്ട്. സംഘപരിവാര്‍ അജന്‍ഡയെ ചെറുക്കുന്ന തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ അടര്‍ത്തിമാറ്റാന്‍ ബിജെപിയ്ക്ക് കഴിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്ന് സുപ്രഭാതം ചൂണ്ടിക്കാണിക്കുന്നു. ആരാണ് ഇത്രയും വലിയ രാഷ്ട്രീയ തീരുമാനം മുന്നണി മര്യാദ പോലും കാണിക്കാതെ ഏകപക്ഷീയമായി എടുത്തതെന്ന ചോദ്യവും സമസ്ത ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടിയോ മുന്നണിയോ മന്ത്രിമാരോ അറിയാതെ ഏത് രാഷ്ട്രീയ തീരുമാനവും തിരുത്തിക്കുറിക്കാവുന്ന ആരാണ് ഈ സര്‍ക്കാരിലുള്ളതെന്ന ചോദ്യവും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പ് എയ്ത് സമസ്ത മുഖപത്രം ചോദിക്കുന്നു.

‘സംഘ്പരിവാര്‍ അജന്‍ഡയുടെ മുഖ്യ വാഹനമായ ദേശീയ വിദ്യാഭ്യാസ നയത്തിന് നേരെ ബംഗാളും തമിഴ്നാടും കേരളവും നടത്തുന്ന ചെറുത്തുനില്‍പ്പ് കേന്ദ്രഭരണകൂടത്തിന് ഗൗരവമായ വിഷയമായിരുന്നു. അതില്‍ നിന്നാണ് ഒരു സംസ്ഥാനത്തെ അതും സംഘ്പരിവാര്‍ അജന്‍ഡയെ എല്ലാനിലയിലും ചെറുക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം ഭരിക്കുന്ന സംസ്ഥാനത്തെ അടര്‍ത്തിമാറ്റിയിരിക്കുന്നത്. ഇത്രയും വലിയ രാഷ്ട്രീയ തീരുമാനം കൈകൊണ്ടത് ആരാണ്? എപ്പോഴാണ്? പാര്‍ട്ടിയോ മുന്നണിയോ മന്ത്രിമാരോ അറിയാതെ ഏത് രാഷ്ട്രീയ തീരുമാനവും തിരുത്തിക്കുറിക്കാവുന്ന ആരാണ് ഈ സര്‍ക്കാരിലുള്ളത്.

പി.എം ശ്രീയിലെ സി.പി.ഐയുടെ എതിര്‍പ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് സി.പി.ഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പോലും ചോദിച്ച കാലത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്ത് ചെയ്യാനാണെന്നും സുപ്രഭാതത്തിന്റെ ലേഖനത്തിലുണ്ട്. പുതിയ വിദ്യാഭ്യാസനയം ആര്‍.എസ്.എസിന്റെ അജന്‍ഡയാണെന്നും അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പി.എം ശ്രീയുടെ കാശ് വേണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ പിന്നോട്ട് പോയതിന്റെ കാരണങ്ങളാണ് ആവര്‍ത്തിച്ച് ചോദിക്കപ്പെടുന്നത്. പിഎംശ്രീയെ വിമര്‍ശിക്കുക മാത്രമല്ല പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ കൊണ്ട് പാര്‍ട്ടി പറഞ്ഞത് ഏറ്റുപറയിപ്പിക്കുകയും ചെയ്ത ശേഷം ഒരു ദിവസം വിദ്യാഭ്യാസ സെക്രട്ടറി പോയി പി.എം ശ്രീയില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുക എന്നത് ഗൂഢമായ രീതിയാണെന്നാണ് സമസ്ത മുഖപത്രം പറയുന്നത്.

ഇടതുമുന്നണിയിലെ മുഖ്യഘടക കക്ഷിയായ സി.പി.ഐ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുമ്പോള്‍ ചര്‍ച്ച ചെയ്തു മാത്രമേ നടപടി സ്വീകരിക്കൂവെന്ന് മാലോകരോട് പറഞ്ഞ എം.എ ബേബി അറിയുന്നില്ല കരാര്‍ ആറു ദിവസം മുമ്പ് ഒപ്പിട്ടുകഴിഞ്ഞുവെന്നതെന്നും സുപ്രഭാതം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മോദിയുടെ ദേശീയ വിദ്യാഭ്യാസ നയം കാവിവല്‍ക്കരണത്തിന്റേതാണെന്ന് ഇടതു ബുദ്ധിജീവികളെ കാണാതെ പഠിപ്പിച്ചതാണ്, വിദ്യാര്‍ഥി നേതാക്കള്‍ക്ക് ക്ലാസ് കൊടുത്തതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 15 അപകടങ്ങളെ കുറിച്ച് റിയാസിനെകൊണ്ട് പോലും കുറിപ്പെഴുതിച്ചതാണ്. കാണുന്നതും കാണാത്തതുമായി ചരടുകളുള്ള പി.എം ശ്രീയില്‍ ഒപ്പുവയ്ക്കില്ലെന്ന് ആണയിട്ട മന്ത്രി തന്നെ ഒരു ദിവസം ചോദിക്കുന്നു. എന്‍.ഇ.പിയില്‍ എന്താകുഴപ്പം? മുമ്പ് തള്ളിപ്പറഞ്ഞതിന്റെ പ്രചാരകരായി മന്ത്രിയടക്കമുള്ളവര്‍ മാറിയെന്നും സമസ്ത മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

Read more

‘ബിനോയ് വിശ്വത്തിന്റെ പ്രതികരണം സി.പി.ഐക്കാരെ ആവേശം കൊള്ളിക്കുന്നതാണ്. പക്ഷെ എല്ലാ പ്രതിഷേധവും വായ്ത്താരിയില്‍ നിര്‍ത്തിക്കോണം എന്ന താക്കീതും സി.പി.എമ്മില്‍ നിന്ന് വന്നുകാണും. കാനത്തിന്റെ കാലത്ത് ആരംഭിച്ച വിഭാഗീയത മെല്ലെ ബിനോയിക്കെതിരേ തിരിയാന്‍ തുടങ്ങിയിരിക്കുന്നു. പാര്‍ട്ടിയില്‍ പലയിടത്തും അച്ചടക്ക പ്രശ്നങ്ങളും കൊഴിഞ്ഞുപോക്കും നടക്കുമ്പോള്‍ പിണറായിക്ക് മുമ്പില്‍ നീണ്ട് നിവര്‍ന്നു നിന്ന് ചോദിക്കാനെങ്കിലും പറ്റിയില്ലെങ്കില്‍ കാര്യം പോക്കാ. ഒന്നാം പിണറായി സര്‍ക്കാരിനെ പല വിഷയങ്ങളിലും പിടിച്ചുകുലുക്കിയ ആളായിരുന്ന കാനം രാജേന്ദ്രന്റെ പിന്‍ഗാമിയെങ്കിലും ബിനോയ് വിശ്വത്തിന് ആ രീതി വഴങ്ങാനിടയില്ല. കാനം കടിപിടികൂടുമെങ്കിലും അവസാനം വഴങ്ങിത്തന്നെയാണ് പോയത്. ബിനോയിയിലെത്തുമ്പോള്‍ ഒന്നു ശബ്ദിക്കാന്‍ പോലും കഴിയാതെ പോകുമോ എന്ന ആശങ്കയുണ്ട്’ എന്നും സിപിഐയുടെ അവസ്ഥയെ കുറിച്ച് സുപ്രഭാതം പറയുന്നു.