പ്രധാനമന്ത്രിയെ പുകഴ്ത്തി; കേന്ദ്രമന്ത്രിക്ക് എതിരെ കൂക്കിവിളികളുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍; പ്രതിഷേധവുമായി മറുപക്ഷവും; കേന്ദ്ര സര്‍വകലാശാലയില്‍ പോര്

പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വി മുരളീധരന്‍ പ്രശംസിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കൂകിവിളിക്കുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമര്‍ശത്തിനിടെയാണ് വിദ്യാര്‍ഥികള്‍ കൂകിയത്. ഇതിനെതിരെ പ്രതിഷേധവുമായി മറുവിഭാഗം വിദ്യാര്‍ത്ഥികളും രംഗത്തെത്തി. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ബിരുദദാന ചടങ്ങിനിടെയാണ് സംഭവം.

അമതസമയം, പെരിയയിലെ കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ കാര്യാലയമായി മാറിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.
ഇന്നു സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ നിന്ന് സ്ഥലം എംപിയെയും മറ്റ് ജനപ്രതിനിധികളെയും മാറ്റി നിര്‍ത്തുന്നത് ഇവിടെ നടക്കുന്ന കാവിവത്കരണത്തിന്റെ ഉദാഹരണമാണ്. സംഘപരിവാര്‍ ശക്തികളെ പ്രീതിപ്പെടുത്തി സ്വജനപക്ഷപാതവും അഴിമതിയും നടത്തി മുന്നോട്ടുപോകാമെന്ന് കരുതുന്നവരാണ് ഇതിനുപിന്നില്‍. ജനാധിപത്യ മര്യാദ പാലിക്കാന്‍ തങ്ങള്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനമാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞവര്‍ഷവും രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്ന് സ്ഥലം എംപിയെയും മറ്റു ജനപ്രതിനിധികളെയും മാറ്റിനിര്‍ത്തിയിരുന്നു. മതേതര ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിലാണ് കേന്ദ്രസര്‍വകാശാല സ്ഥിതി ചെയ്യുന്നതെന്ന് അധികൃതര്‍ ഓര്‍ക്കണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.