കടത്തില്‍ മുങ്ങി അച്ഛന്‍, മുഖ്യമന്ത്രിയെ കാണന്‍ 16-കാരന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി; ഒടുവില്‍!

വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16കാരനെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദേവാനന്ദ് ആണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ രാവിലെ വടകരയില്‍ നിന്ന് ഏറനാട് എക്‌സ്പ്രസില്‍ കയറിയ ദേവനന്ദന്‍ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.

തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പൊലീസുകാര്‍ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

രാത്രി ഭക്ഷണം വാങ്ങി നല്‍കിയ പൊലീസ് കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു. രാവിലെ രാജീവന്‍ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാന്‍ ആണ് വന്നത് എന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിക്കുകയായിരുന്നു. വീട്ടുകാര്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി.

Read more

കാര്യങ്ങള്‍ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാര്‍ത്ഥിയെ സ്‌നേഹത്തോടെ ഉപദേശിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിര്‍ദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി. ദേവനന്ദന്റെ പരാതിയില്‍ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.