ശ്രീനിവാസന്‍ വധം: കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി, പ്രതികളുമായി തെളിവെടുപ്പ്

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് ഉപയോഗിച്ച് ആയുധം കണ്ടെത്തി. കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്. ചോര പുരണ്ട കൊടുവാള്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ഇന്നലെ അബ്ദുറഹ്‌മാന്‍, ഫിറോസ് എന്നിവരുമായി തെളിവെടുപ്പ് തുടരുകയാണ്.

പ്രതി അബ്ദുറഹ്‌മാന്‍ ഉപയോഗിച്ച് വാളാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കല്ലേക്കാട് അഞ്ചാംമൈലിലെ ആളൊഴിഞ്ഞ പറമ്പില്‍ ആയുധം ഉപേക്ഷിച്ച നിലയിലായിരുന്നു.

ശ്രീനിവാസന്‍ വധക്കേസില്‍ നാലു പേര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. അബ്ദുറഹ്‌മാന്‍, ഫിറോസ് എന്നിവര്‍ക്ക് പുറമേ ബാസിത്, റിഷില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ 13 പേരാണ് ഇതുവരെ അറസ്റ്റിലായത്. കൊലപാതകത്തില്‍ പങ്കെടുത്തവരാണ് അബ്ദുറഹ്‌മാനും ഫിറോസും. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് ബാസിത്തും റിഷിലും.

മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. കൊലയാളി സംഘത്തിന് അകമ്പടിയായി പോയ ചുവന്ന നിറത്തിലുള്ള മാരുതി കാറിലാണ് കൊലയ്ക്കുള്ള ആയുധങ്ങള്‍ എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മൂന്ന് ബൈക്കുകളോടൊപ്പം കാര്‍ പോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.