കേസ് എടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

യുവതിയുടെ പരാതിയിന്മേൽ ബലാത്സംഗത്തിന്  കേസെടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണെന്നു സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതി നൽകിയത്.  2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.

വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ  ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി  കൊച്ചിയിൽ  താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള  ബലാത്സംഗ കേസ്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ പരിപാടികളുടെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ച് സംസാരിച്ചയാള്‍ തന്നെ ബലാത്സംഗ കേസില്‍ പ്രതിയായത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.