കെ സുധാകരനെതിരെ തെക്കന്‍മാര്‍ ഒന്നിച്ചു; കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഓപ്പറേഷന്‍ സുധാകരന്‍; ആന്റോ ആന്റണിയുടെ ഐശ്വര്യം അനില്‍ ആന്റണിയെന്ന് വെള്ളാപ്പള്ളി നടേശന്‍

കെപിസിസി നേതൃമാറ്റം സംബന്ധിച്ച് അനശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ കെ സുധാകരന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കെപിസിസി നേതൃമാറ്റത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ വെള്ളാപ്പള്ളി നടേശന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഓപ്പറേഷന്‍ സുധാകരനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സിന്ദൂര്‍ യുദ്ധത്തേക്കാള്‍ വലിയ യുദ്ധമാണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എന്തിനാണ് സുധാകരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എന്തിനാണ് സുധാകരനെ മാറ്റുന്നത്? ഇവര്‍ക്ക് വേണ്ടത് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നവരെ. നേതൃത്വത്തിന് വേണ്ടത് കുഞ്ഞിരാമന്മാരെ. സുധാകരനെ വെട്ടിനിരത്താന്‍ തെക്കന്‍മാരായ ആളുകള്‍ ഒന്നിച്ചു നില്‍ക്കുന്നു. സുധാകരനിലാണ് ജനങ്ങള്‍ക്ക് വിശ്വാസം. ബൊമ്മകളേയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനാവശ്യം. കഴിവുള്ളവനെ വേണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റ് ആക്കും എന്നാണ് കേള്‍ക്കുന്നത്. അങ്ങനെ എങ്കില്‍ മൂന്നാമത്തെ കേരള കോണ്‍ഗ്രസ് ആകും. ആന്റണിയുടെ മകന്‍ ആണ് ആന്റോയുടെ ഐശ്വര്യം. ആന്റോ ജയിച്ചത് ആന്റണിയുടെ മകന്‍ മത്സരിച്ചതുകൊണ്ട് മാത്രമാണ്. ഇല്ലെങ്കില്‍ എട്ടുനിലയില്‍ പൊട്ടിയേനെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Read more

കോമണ്‍സെന്‍സ് ഉള്ള ആരേലും ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് ആകുമോ? തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ഒരു യുദ്ധത്തിന് വഴിയുണ്ടാകുമോ? മുരളീധരന്‍ മിടുക്കനായ നേതാവെന്ന് തെളിയിച്ചതല്ലേ? എന്താ മുരളീധരനെ ആക്കാത്തത്? കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് കണ്ടകശനിയാണെന്നും വെള്ളാപ്പള്ളി അറിയിച്ചു.