വലയ സൂര്യഗ്രഹണം നാളെ; ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് വടക്കന്‍ കേരളത്തില്‍

വലയ സൂര്യഗ്രഹണം നാളെ. കേരളത്തിലും ഈ ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഈ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നു പോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ഗ്രഹണം ഇനി നാനൂറ് വര്‍ഷം കഴിയും ഇനി കാണാന്‍.

സൂര്യന്റെ മധ്യഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെട്ട് ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണും. ദീര്‍ഘവൃത്താകാര പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകന്ന് നില്‍ക്കുമ്പോള്‍ അതിന്റെ പ്രത്യക്ഷ വലുപ്പം സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. അപ്പോള്‍ സംഭവിക്കുന്ന ഗ്രഹണമാണ് വലയഗ്രഹണം. കേരളത്തില്‍ പരമാവധി 3 മിനിറ്റ് 13 സെക്കന്റ് വരെ ഈ വലയം കാണാനാകും.

Read more

രാവിലെ 9.24നാണ് ഗ്രഹണം. വയനാട് ജില്ലയില്‍ എസ്.കെ.എം.ജെ സ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് ഗ്രൌണ്ട്, ചീങ്ങേരിമല, കണ്ണൂര്‍ ജില്ലയില്‍ കൊളക്കാട് സാന്‍തോം ഹൈസ്‌കൂള്‍ ഗ്രൌണ്ട്, കാസര്‍കോട് തൈക്കടപ്പുറം ബീച്ച്, കോഴിക്കോട് പ്ലാനറ്റേറിയം, ഗുരുവായൂരപ്പന്‍ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.