ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിന്റെ വിദേശ യാത്രകളെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി; പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു; പോറ്റിയെ സംരക്ഷിക്കുന്ന ഉന്നതര്‍ ഇനിയുമുണ്ടെന്ന സൂചന നല്‍കി പത്മകുമാറിന്റെ മൊഴി?

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ സിപിഎം മുന്‍ എംഎല്‍എയും നേതാവും ദേവസ്വം മുന്‍ പ്രസിഡന്റുമായ പത്മകുമാറിന്റെ വിദേശ യാത്രകള്‍ അന്വേഷിക്കാന്‍ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കുമ്പോഴും അല്ലാതേയും എ പ്ത്മകുമാര്‍ നടത്തിയ വിദേശ യാത്രകള്‍ അവയുടെ ലക്ഷ്യം, കൂടിക്കാഴ്ചകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിലുള്ളത്.

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കേസില്‍ ഒടുവിലായി അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി. പത്മകുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. താന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി. താനെടുത്ത തീരുമാനങ്ങള്‍ക്ക് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

താന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പോറ്റിയെ സംരക്ഷിക്കുന്ന ഉന്നതര്‍ ഇനിയുമുണ്ടെന്ന് സൂചിപ്പിക്കുന്ന പത്മകുമാറിന്റെ മൊഴിയിലൂടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം സംശയ നിഴലിലാണ്. ചെമ്പെന്ന് രേഖകളില്‍ പത്മകുമാര്‍ തിരുത്തിയത് അറിഞ്ഞിരുന്നില്ലെന്നാണ് അന്നത്തെ ബോര്‍ഡ് അംഗങ്ങളായ കെപി ശങ്കരദാസിന്റെയും വിജയകുമാറിന്റെയും മൊഴി. എന്നാല്‍ അംഗങ്ങളെയും കുരുക്കിയ പത്മകുമാറിന്റെ മൊഴിയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും നിരീക്ഷണത്തിലാണ്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ളത് ആത്മബന്ധമാണന്നതടക്കം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം നിലനില്‍ക്കെ കടകംപള്ളി സുരേന്ദ്രന്‍ വലിയ പ്രതിരോധത്തിലാണ്.

Read more

താനെടുത്ത എല്ലാ തീരുമാനങ്ങളും ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നടക്കം പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി പരിശോധന കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ നീണ്ടിരുന്നു. പോറ്റിയും പത്മകുമാറും തമ്മിലെ ഇടപാടിന്റെ രേഖകള്‍ക്ക് വേണ്ടിയായിരുന്നു പരിശോധന. സര്‍ക്കാര്‍-ബോര്‍ഡ്-പോറ്റി എന്നിവര്‍ തമ്മിലെ ഇടപാടുകളെ കുറിച്ചുള്ള രേഖകളുടെ പകര്‍പ്പ് അന്വേഷണ സംഘം കണ്ടെടുത്തു. 2016 മുതല്‍ പത്മകുമാറിന്റെ ആദായനികുതി വിവരങ്ങളടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കസ്റ്റഡിയിലെടുത്തു. പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പത്മകുമാറിന്റെ ബന്ധുക്കളുടെ മൊഴി.