ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി; തിരുവനന്തപുരത്ത് ഹാജരാകാന്‍ നിര്‍ദേശം

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. സ്ഥാപനങ്ങളിലും വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി.മണിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേകാന്വേഷണ സംഘം ദിണ്ടിക്കലില്‍ എത്തി മണി എന്നയാളെ ചോദ്യംചെയ്തു. ഇയാളോട് തിരുവനന്തപുരത്ത് ഹാജരാകാന്‍ സമന്‍സ് നല്‍കിയതായാണ് വിവരം. സ്വര്‍ണക്കൊള്ളക്കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഡി. മണി ഇയാള്‍ത്തന്നെയാണോ എന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം

ബാലമുരുകന്‍ എന്നാണ് ഡി. മണിയുടെ യഥാര്‍ഥ പേര്. ഡി.മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം സേര്‍ച്ച് വാറണ്ടുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസവും ഡി. മണിയെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.

അതേസമയം, ബാലമുരുകന്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇയാളെയും ചോദ്യം ചെയ്തിരുന്നു. വിരുദനഗറിലാണ് ശ്രീകൃഷ്ണന്‍ താമസിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു വിദേശ വ്യവസായിയും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.

Read more

തമിഴ്‌നാട്ടിലെ വിഗ്രഹ കച്ചവടക്കാരനായ ഡി മണി എന്നയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇയാളെ അന്വേഷണ സംഘം നേരത്തെ തന്നെ ലൊക്കേറ്റ് ചെയ്തിരുന്നു. മധുരയ്ക്ക് സമീപമുള്ള ഡിണ്ടിഗല്‍, വിരുതുനഗര്‍ എന്നീ മേഖലകളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നത്.