സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ലൈനിന്റെ ഭൂപടം മാറ്റി; ആരോപണവുമായി തിരുവഞ്ചൂര്‍

മന്ത്രി സജി ചെറിയാന് എതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിക്ക് വേണ്ടി പദ്ധതിയുടെ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നാണ് ആരോപണം.

ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ ഭൂപടത്തില്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സജി ചെറിയാന്റെ വീടിരിക്കുന്ന സ്ഥലത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഭൂപടത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്റെ ഗുണം ആര്‍ക്ക് കിട്ടിയെന്നതില്‍ സജി ചെറിയാന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു രേഖയുമില്ലാതെ സര്‍ക്കാര്‍ കണ്ടിടത്തെല്ലാം കല്ലിടുകയാണെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് അവരുടെ എതിര്‍പ്പ് അറിയിക്കാന്‍ എത്തിയിരിക്കുന്നത്. ജനങ്ങള്‍ പട്ടിണിയിലാണ്. പൊലീസുകാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേ സമയം സില്‍വര്‍ലൈനില്‍ ബഫര്‍സോണില്ലെന്ന പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. വിഷയത്തില്‍ തനിക്ക് തെറ്റ് പറ്റിയതാകാം. പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.