സില്‍വര്‍ ലൈന്‍ ഭാവി കേരളത്തിനുള്ള ഈടുവെയ്പ്; പ്രാരംഭ നടപടികള്‍ തുടരാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചെന്ന് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതി ഭാവി കേരളത്തിനായുള്ള ഈടുവെയ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടരാന്‍ കേന്ദ്രധനമന്ത്രാലയം നിര്‍ദ്ദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ലേഖനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ പുതിയ രൂപരേഖ റയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം പിണറായി് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ 2 ന് ജനസമക്ഷം അവതരിപ്പിക്കും. നാല്പത് വര്‍ഷത്തിനിടയില്‍ തുടര്‍ഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവര്‍ഷം മേയ് 20ന് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്.

അതേസമയം, ഇന്ന്് വിനാശത്തിന്റെ വാര്‍ഷികമായി ആചരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ ആറ് വരെ ധര്‍ണ നടത്തും. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും.