സില്‍വര്‍ലൈന്‍ ബദല്‍ സംവാദം ഇന്ന്; കെ റെയില്‍ അധികൃതര്‍ പങ്കെടുക്കില്ല

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30 മുതല്‍ പാളയത്തെ പാണക്കാട് ഹാളിലാണ് സംവാദം നടക്കുക. സംവാദത്തില്‍ കെ റെയില്‍ എംഡി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെ റെയില്‍ നടത്തിയ സംവാദത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, പിന്മാറിയ അലോക് കുമാര്‍ വര്‍മ്മ,ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.

പദ്ധതിയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും ഇന്നത്തെ സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ എം.ജി രാധാകൃഷ്ണനാണ് സംവാദത്തിന്റെ മോഡറേറ്റര്‍. പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാനായി കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചറിയ പി ഐസക്, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ എത്തും. അലോക് വര്‍മ്മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പദ്ധതിയെ എതിര്‍ക്കുന്ന പാനലില്‍ ഉള്ളവര്‍.

കെ റെയില്‍ എംഡിയെ സംവാദത്തിന് ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരുമായി ആലോചിച്ച ശേഷം പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. സംഘാടകരുമായുള്ള ചര്‍ച്ചയില്‍ സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് കെ റെയില്‍ അറിയിച്ചത്.

ഏപ്രില്‍ 28ന് കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നു. അതിനാല്‍ വിഷയത്തില്‍ ഇനി വേണ്ടത് ബദല്‍ സംവാദമല്ല, തുടര്‍ സംവാദങ്ങളാണെന്നും കെ റെയില്‍ വ്യക്തമാക്കി.